പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ മിക്ക നിക്ഷേപ പദ്ധതികളുടേയും കാലാവധി വരുന്ന മുപ്പതാം തീയതി അവസാനിക്കും. ഉയർന്ന പലിശയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷത. മെച്ചപ്പെട്ട വരുമാനം ആഗ്രഹിക്കുന്നവർക്ക് സമയപരിധിക്ക് മുമ്പ് ഇവയിൽ നിക്ഷേപം നടത്താം.
ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്ഡി
300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ് എഫ്ഡികളിൽ 7.05% പലിശയാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 7.55% ലഭിക്കും. 375 ദിവസത്തെ എഫ്ഡികൾക്ക്, ബാങ്ക് 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയനുസരിച്ച് 7.6% പലിശ ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ് എഫ്ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 7.2% പലിശയും മുതിർന്ന പൗരന്മാർക്ക് 7.7% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ജൂൺ 30 വരെ ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്ഡികളിൽ നിക്ഷേപിക്കാം.
ഇന്ത്യൻ ബാങ്ക് ഇൻഡ് സുപ്രീം
300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക എഫ്ഡികൾക്ക്, ഇന്ത്യൻ ബാങ്ക് 7.05% പലിശയും, മുതിർന്നവർക്ക് 7.55% പലിശയും, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80% പലിശയും വാഗ്ദാനം ചെയ്യുന്നു. 400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക എഫ്ഡികൾക്ക് 7.25%, മുതിർന്ന പൗരന്മാർക്ക് 7.75%, സൂപ്പർ സീനിയർ പൗരന്മാർക്ക് 8% എന്നിങ്ങനെയാണ് പലിശ നൽകുന്നത്. നിക്ഷേപിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.
പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്ഡി
കേരളത്തിലെ പ്രധാന നഗരങ്ങളിൽ സാന്നിധ്യമുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 222 ദിവസത്തെ എഫ്ഡികളിൽ 7.05%, 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.10%, 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക നിക്ഷേപങ്ങൾക്ക് 7.25% എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കാനുള്ള അവസാന തീയതി ജൂൺ 30 ആയിരിക്കും.