കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ആരോഗ്യകരമായ ഭക്ഷണം ആണ് നല്‍കേണ്ടത്. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്.
അത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
പയർ വർഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
മുഴുധാന്യങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഴുധാന്യങ്ങളായ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വിറ്റാമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമശക്തി നിലനിർത്താനും സഹായിക്കും.
മൂന്ന്…
ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ് ഇലക്കറികൾ. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു. ഇലക്കറികളിലെ ഫോളേറ്റ് ഉള്ളടക്കം കുട്ടികളുടെ തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കും.
നാല്…
മത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓര്‍മ്മശക്തിക്ക് നല്ലതാണ്.
അഞ്ച്…
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ മുട്ട പ്രഭാത ഭക്ഷണമായി നല്‍കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.
ആറ്…
തൈര് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അയഡിന്‍, പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയതാണ് തൈര്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിന് സഹായിക്കും. ദഹനത്തിനും ഇവ നല്ലതാണ്.
ഏഴ്…
പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ബെറി പഴങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
എട്ട്…
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.