മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന അവയവമാണ് ഹൃദയം. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. ഇവ രണ്ടിന്‍റെയും ആരോഗ്യം ഏറെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെയും ഹൃദയത്തിന്‍റെയും ആരോഗ്യം മോശമാകാം.അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.അതുപോലെ തന്നെ, വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.
വൃക്കയുടെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
പച്ചക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ പച്ചക്കറികളും ഇലക്കറികളും വൃക്കയുടെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ചീര, ബ്രൊക്കോളി, കോളിഫ്ലവര്‍, ക്യാരറ്റ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്…
ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍. വൃക്കകളുടെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഈ ബെറി പഴങ്ങള്‍ നല്ലതാണ്.
മൂന്ന്…
ഒലീവ് ഓയിൽ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും വൃക്കകളുടെ ആരോഗ്യത്തിനും ഒലീവ് ഓയില്‍ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് ഒലീവ് ഓയില്‍. കൊളസ്‌ട്രോൾ തടയുന്നത് വഴി ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ഒലീവ ഓയില്‍ സഹായിക്കും. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
നാല്…
പയര്‍വര്‍ഗങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. വൃക്കകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
അഞ്ച്…
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്‌ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഉപ്പിന്‍റെ അംശം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ രുചി വർധിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കുകയും ചെയ്യും. വൃക്കകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്.