ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തുന്നത്. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.
ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
ഓറഞ്ച് ജ്യൂസ്…
ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും മറ്റും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ്, നാരങ്ങ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആപ്പിള്‍ ജ്യൂസ്…
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍, പോളിഫെനോള്‍ ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോതിനെ കുറച്ച് കൊണ്ടു വരും. രക്തധമനികള്‍ കട്ടിയാകുന്നത് തടയാനും ആപ്പിള്‍ സഹായിക്കും. അതിനാല്‍ ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പപ്പായ ജ്യൂസ്…
പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കും.
തണ്ണിമത്തന്‍ ജ്യൂസ്…
തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ ജ്യൂസിന് കഴിയും.
ബ്ലൂബെറി ജ്യൂസ്…
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ഇവയുടെ ജ്യൂസുകള്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
അവക്കാഡോ ജ്യൂസ്…
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും. അതിനാല്‍ പതിവായി അവക്കാഡോ ജ്യൂസ് കുടിക്കാം.