ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം…
- ഒന്ന്…
- ചീര ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- രണ്ട്…
- ആപ്പിൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- മൂന്ന്…
- ബീറ്റ്‌റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- നാല്…
- തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
- അഞ്ച്…
- ബെറി പഴങ്ങളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- ആറ്…
- കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
- ഏഴ്…
- അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.