അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അതിന് ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ തൈര് ദഹനം മെച്ചപ്പെടുത്തുന്നതും വയറിന്‍റെ ആരോഗ്യത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.
- രണ്ട്…
- മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന പ്രോട്ടീനും അമിനോ ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
- മൂന്ന്…
- ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ പീസ് കഴിക്കാം.
- നാല്…
- ക്യാരറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്.
- അഞ്ച്…
- ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ളവയാണ് ഇലക്കറികള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. ചീര പതിവായി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
- ആറ്…
- ബീറ്റ്റൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.