രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ചില ചായകൾ സഹായകമാണ്. നിങ്ങൾ ഒരു പ്രമേഹരോഗിയും, ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുമാണെങ്കില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഹെർബൽ ടീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില ചായകളെ പരിചയപ്പെടാം…
ഗ്രീന്‍ ടീ…
ശരീരഭാരം കുറയ്ക്കാനാണ് പലരും ഗ്രീൻ ടീ വ്യാപകമായി ഉപയോഗിക്കുന്നത്. ആന്‍റി ഓക്സിഡൻറുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ടൈപ്പ്-2 പ്രമേഹ സാധ്യത നിയന്ത്രിക്കാം എന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. വളരെ കുറഞ്ഞ പഞ്ചസാരയും കലോറിയുമായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
ചെമ്പരത്തി ചായ…
ചെമ്പരത്തി ചായ പലര്‍ക്കും അത്ര പരിചിതമല്ല. ഹൈബിസ്കസ് ചായ അഥവാ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ഫാർമകോഗ്നോസി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. കൂടാതെ ഇവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ചെമ്പരത്തി ചായ തയ്യാറാക്കാനായി ആദ്യം ചെമ്പരുത്തി പൂവിന്റെ ഇതളുകൾ എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാത്രത്തിൽ 3-4 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേയ്ക്ക് ഒഴിക്കുക. രണ്ട് മിനിറ്റോളം അടച്ച് വയ്ക്കുക. ശേഷം പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേയ്ക്ക് കലർന്ന് കടും ചുവപ്പ് നിറം ആകുമ്പോള്‍ നന്നായി അരിച്ചെടുക്കുക. അതിനുശേഷം തേനും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കാം.