ബെംഗളൂരു: കർണാടകയിൽ മെയ് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് വോട്ടെണ്ണുകയും ചെയ്യും. ഈ സാഹചര്യത്തിൽ കർണാടകയിൽ മത്സരിക്കുമെന്നുറപ്പുള്ള പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ ചർച്ചയാവുകയാണ്. നിലവിൽ കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ മത്സരരംഗത്തുണ്ടാവും. ബിഎസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖമായ മറ്റൊരു സ്ഥാനാർത്ഥി. 2019ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് വേണ്ടി മുന്നിൽ നിന്ന് നയിച്ചിരുന്നത് യെദ്യൂരപ്പയായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനായ എച്ച്ഡി കുമാരസ്വാമിയാണ് മറ്റൊരു പ്രധാനപ്പെട്ട വ്യക്തി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ പ്രധാനപ്പെട്ട റോളുകൾ വഹിച്ചിരുന്നു.
2013-2018 കാലഘട്ടത്തിൽ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ഇത്തവണ മത്സര രംഗത്തുണ്ടാവും. ജെഡിഎസിലെ ചെറുപ്പക്കാരനായ നേതാവാണ് പ്രജ്വാൽ രേവണ്ണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസ്സൻ മണ്ഡലത്തിൽ നിന്നും പ്രജ്വാൽ വിജയിച്ചിരുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ സിടി രവിയും മത്സരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ ശക്തമായ പിന്തുണ സിടി രവിക്ക് ലഭിക്കാറുണ്ട്. ഭാരത് ജോഡോ യാത്രയുൾപ്പെടെ വിജയിപ്പിക്കുന്നതിൽ കർണാടകയിൽ പ്രധാനപ്പെട്ട നേതൃത്വം വഹിച്ച കോൺഗ്രസ് നേതാവാണ് ഡികെ ശിവകുമാർ. ശിവകുമാറിന്റെ തന്ത്രത്തിലായിരിക്കും കോൺഗ്രസിന്റെ കർണാടകയിലെ നീക്കങ്ങൾ മുന്നോട്ട് പോവുക.