ലഖ്‌നൗ: എന്തുകൊണ്ടാണ് മകന്‍ ആസാദിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ആതിഖ് അഹമ്മദിന് നേരെ അക്രമി വെടിയുതിര്‍ത്തത്. ‘അവര്‍ കൊണ്ടു പോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല’ എന്ന മറുപടി നല്‍കിയപ്പോഴേക്കും ആതിഖിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. പിന്നാലെ നിലത്തേക്ക് വീഴുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.
ശനിയാഴ്ച വന്‍ പൊലീസ് സുരക്ഷയിലാണ് ആസാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ആതിഖിന് അനുമതി ലഭിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും പ്രദേശവാസികളില്‍ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 13-ാം തീയതി ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ആതിഖിന്റെ മകന്‍ 19കാരനായ ആസാദ് അഹമ്മദിനെ യുപി പൊലീസ് കൊലപ്പെടുത്തിയത്.
അതേസമയം, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു.
ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. പൊലീസ് സുരക്ഷയിലിരിക്കെ എങ്ങനെ ഇത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഇങ്ങനെയെങ്കില്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ലഭിക്കും. യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.