ആഗ്ര: ഗോവധക്കേസിൽ ഉത്തർപ്രദേശിൽ അഖില ഭാരത ഹിന്ദുമഹാസഭയുടെ വക്താവടക്കം നാല് പ്രവർത്തകർ അറസ്റ്റിൽ. രാമനവമിയുടെ തലേ ദിവസം പശുവിനെ കശാപ്പു ചെയ്ത് കുറ്റം നാല് മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത ഹിന്ദു മഹാസഭയുടെ നാല് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം യുവാക്കളോടുള്ള വൈരാഗ്യം തീർക്കാനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറഞ്ഞു. അഖിലഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇവർക്കെതിരെ ഐപിസി 429, 120 ബി, ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും എസിപി രാകേഷ് കുമാർ സിങ് പറഞ്ഞു. മാർച്ച് 30നാണ് സംഭവം. ആഗ്രയിലെ ഗൗതം നഗറിലാണ് പശുവിനെ അറുത്ത നിലയിൽ കണ്ടെത്തിയത്. നാല് മുസ്ലിം യുവാക്കളാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര കുശ്‌വാഹ പൊലീസിനെ അറിയിച്ചു. തുടർന്ന് നാല് പേരെ പൊലീസ് പുലർച്ചെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ മുസ്ലിം യുവാക്കൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിന് മനസ്സിലായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുടുക്കാൻ ഹിന്ദുമഹാസഭ പ്രവർത്തകർ തന്നെയാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. സഞ്ജയ് ജാട്ടിന്റെ സുഹൃത്ത് ജല്ലു എന്നയാൾക്കുവേണ്ടിയാണ് സംഭവം ആസൂത്രണം ചെയ്തത്. ജല്ലു പ്രദേശത്തെ മാംസവ്യാപാരിയാണ്. ജല്ലുവിന്റെ ബിസിനസ് എതിരാളികളാണ് മുസ്ലിം യുവാക്കൾ. ഇവരോടുള്ള പക പോക്കുന്നതിനായാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ജല്ലു, ഗൗതം നഗറിൽനിന്ന് പശുവിനെ പിടികൂടി കൊല്ലുകയും ജാട്ടിനെ വിവരമറിയിക്കുകയും ചെയ്‌തു. സഞ്ജയ് ജാട്ടാണ് സംഭവം എത്മദ്ദുല പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.