ഇടുക്കി : ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിൻറെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ചെമ്മണ്ണാർ സ്വദേശി രാജേന്ദ്രൻറെ വീട്ടിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്.
മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിൻറെ കഴുത്തിൽ പിന്നിൽ നിന്നും രാജേന്ദ്രൻ ബലമായി പിടിച്ചിരുന്നു. ജോസഫ് വീണിട്ടും രാജേന്ദ്രൻ കഴുത്തിലെ പിടിവിടാൻ തയ്യാറായില്ല. കൈമടക്കിനുള്ളിൽ അകപ്പെട്ട് കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസതടസമുണ്ടായാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്.
ജോസഫ് ധരിച്ചിരുന്ന കോട്ടുപയോഗിച്ച് കൈകൾ പിന്നിലേക്ക് കെട്ടാനും ശ്രമം നടത്തി. സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജേന്ദ്രൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ജോസഫിൻറെ കഴുത്ത് ഞെരിച്ചതായി രാജേന്ദ്രൻ പോലീസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം.
കൊലപാതകമെന്ന് സൂചന ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ല പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി രൂപം നൽകിയിരുന്നു. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേന്ദ്രൻ. വീട്ടിൽ നിന്നും ഓടി രക്ഷപെട്ട ജോസഫിനെ പിടികൂടാൻ രാജേന്ദ്രൻ അയൽക്കാരുടെ സഹായം തേടിയിരുന്നു. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.