സാധാരണയായി കള്ളന്മാർ എന്തെങ്കിലും മോഷ്ടിച്ച് കഴിഞ്ഞാൽ അത് തിരികെ കൊടുക്കുന്ന പതിവില്ല. എന്നാൽ, ഇവിടെ അക്ഷരാർത്ഥത്തിൽ ഒരു കള്ളൻ താൻ മോഷ്ടിച്ച വസ്തുക്കളിൽ ചിലത് തിരികെ കൊടുക്കുക തന്നെ ചെയ്തു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ഈ അപൂർവമായ സംഭവം നടന്നത്.
കള്ളന്മാർ ആഭരണങ്ങളടക്കം ഏകദേശം അഞ്ച് ലക്ഷം വില വരുന്ന വസ്തുക്കളാണ് തിരികെ ഉടമയ്ക്ക് നൽകിയത്. എന്നാൽ, മോഷ്ടിച്ച മുഴുവൻ വസ്തുക്കളും കള്ളന്മാർ തിരികെ കൊടുത്തു എന്ന് കരുതരുത്. ഏകദേശം 20 ലക്ഷം രൂപയുടെ വസ്തുക്കൾ കള്ളന്മാർ മോഷ്ടിച്ചു. അതിൽ അഞ്ചു ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഉടമയ്ക്ക് തിരികെ നൽകിയത്.
ദീപാവലി സമയത്തായിരുന്നു സംഭവം. ഒക്ടോബർ 23 -ന് മോഷണം നടന്ന വീട്ടിലെ അംഗങ്ങൾ തങ്ങളുടെ ജന്മനാട്ടിലേക്ക് പോയതായിരുന്നു. ഒക്ടോബർ 27 -ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസിലാവുന്നത്. ഇതേ തുടർന്ന് വീടിന്റെ ഉടമസ്ഥനായ പ്രീതി സിരോഹി മോഷണ വിവരം പൊലീസിനെ അറിയിച്ചു. അങ്ങനെ നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മാധ്യമങ്ങളിലും മോഷണത്തെ കുറിച്ചുള്ള വാർത്ത നൽകി. പിന്നാലെ, ഒക്ടോബർ 31 -ന് പ്രീതി സിരോഹിയ്ക്ക് ഒരു കൊറിയർ വന്നു. അത് തുറന്ന് നോക്കിയപ്പോൾ സിരോഹി ഞെട്ടിപ്പോയി. അത് വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളായിരുന്നു.
പ്രീതിയുടെ മകൻ ഹർഷ് പറയുന്നത്, ഒക്ടോബർ 31 -ന് വൈകുന്നേരമാണ് തങ്ങൾക്ക് കൊറിയർ വന്നത്. അതിൽ അയച്ച ആളുടെ പേരായി എഴുതിയിരുന്നത് രജ്‍ദീപ് ജ്വല്ലേഴ്സ്, സറഫ ബസാർ, ഹാപൂർ എന്നായിരുന്നു. അവർ കൊറിയർ തുറന്ന് നോക്കിയപ്പോൾ അവരുടെ ഒരു പെട്ടി അതിനകത്തിരിക്കുന്നത് കണ്ടു. അതും തുറന്ന് നോക്കിയപ്പോൾ അതിൽ അവരുടെ ചില ആഭരണങ്ങളായിരുന്നു. ഏകദേശം അഞ്ച് ലക്ഷം വില വരുന്ന ആഭരണങ്ങളായിരുന്നു അതിനകത്ത് ഉണ്ടായിരുന്നത്. അവയെല്ലാം മോഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാൽ, ബാക്കിയുള്ള ആഭരണങ്ങൾ തിരികെ കിട്ടിയിട്ടില്ല എന്നും ഹർഷ് പറയുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഏകദേശം 20 വയസ് തോന്നുന്ന ഒരാൾ ഒരു സ്കൂൾ ബാഗുമായി ഗേറ്റ് കടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഹർഷിന്റെ ബാഗായിരുന്നു അയാൾ എടുത്തിരുന്നത്. പിന്നീട് കൊറിയർ വിലാസത്തിലുള്ള ജ്വല്ലറി അന്വേഷിച്ച് പോയെങ്കിലും അങ്ങനെ ഒരു ജ്വല്ലറിയോ അതിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറോ നിലവിൽ ഇല്ല എന്ന് മനസിലായി. പിന്നീട്, കൊറിയർ കമ്പനിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിൽ രണ്ടുപേരെ കണ്ടു. ഏതായാലും അന്വേഷണം പുരോഗമിക്കുകയാണത്രെ.