കണ്ണൂര്‍: കണ്ണൂരിൽ ക്ലിനിക്കിൽ മോഷണം നടത്തിയ ആളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രസാദ് എന്ന തീപ്പൊരി പ്രസാദാണ് അറസ്റ്റിലായത്. കണ്ണൂർ തളാപ്പിലെ ക്ലിനിക്കിൽ നിന്ന് ഇയാൾ കഴിഞ്ഞ ദിവസം 50000 രൂപ കവർന്ന് കടന്നു കളയുകയായിരുന്നു.
കണ്ണൂർ തളാപ്പിലെ ശിശുരോഗ വിദഗ്ദൻ ഡോ. എം. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചൈതന്യക്ലിനിക്കിൽ നിന്നാണ് പ്രസാദ് 50000 രൂപ മോഷ്ടിച്ചത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് അകത്തു കയറിയത്. പിന്നീട് ഡോക്ടറുടെ പരിശോധനാമുറി കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച പണം എടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചവരെ ഡോക്ടർ ക്ലിനിക്കിലുണ്ടായിരുന്നു.
പരിശോധനയ്ക്കു ശേഷം മൂന്നരയോടെയാണ് ജീവനക്കാർ ക്ലിനിക്ക് പൂട്ടി പോയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ശുചീകരണത്തിനെത്തിയ സ്ത്രീയാണ് ക്ലിനിക്കിന്റെ പൂട്ട് തകർത്തതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രസാദാണ് കളവ് നടത്തിയതെന്ന് മനസിലായത്. പണവുമായി കണ്ണൂർ വിടാൻ ശ്രമിക്കുന്നതിനിടെ തെക്കി ബസാറിൽ വച്ച് ഇയാളെ ടൗൺ പൊലീസ് പിടികൂടുകയായിരുന്നു. പ്രസാദിനെതിരെ സംസ്ഥാനത്ത് 60 ഓളം മോഷണ കേസുകൾ നിലവിൽ ഉണ്ട്. അലപ്പുഴ ജില്ലയിൽ മാത്രം 45 കേസുകൾ ഉള്ളതായും പൊലീസ് പറയുന്നു. ഓരോ പ്രദേശത്തും കളവ് നടത്തിയ ശേഷം നാട് വിടുകയാണ് പ്രസാദിൻ്റെ രീതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.