കൊല്ലം: തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നാലു വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍വീട്ടില്‍ അജയന്‍ (49, തിരുവാര്‍പ്പ് അജി) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ്ചെയ്തു.
തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണമുതലുമായി ഇതരസംസ്ഥാനങ്ങളിലേക്കു കടന്ന് ധൂര്‍ത്ത് ജീവിതമാണ് നയിക്കുന്നത്. പണം തീരുമ്പോള്‍ തിരികെ എത്തി വീണ്ടും മോഷണം നടത്തും. നിരവധി മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ 20 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് നാലുവര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. ഇതിനുശേഷമാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. ഇതോടെ ഈ ജില്ലകളില്‍ നിരവധി കേസുകള്‍ക്കു തുമ്പുണ്ടായി.
സ്‌കൂളുകള്‍, മെഡിക്കല്‍ ഷോപ്പ്, സ്റ്റേഷനറിക്കട, ബേക്കറി എന്നിവിടങ്ങളാണ് പ്രതി പ്രധാനമായും മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ബുധനാഴ്ച ദിവസങ്ങളില്‍ ആവര്‍ത്തിച്ച സമാന സ്വഭാവമുളള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.കൊല്ലം സിറ്റി പോലീസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് മോഷണത്തിനു വേണ്ടി നഗരത്തിലെത്തിയ അജയനെ ചിന്നക്കടയില്‍നിന്നു പിടികൂടിയത്.