കണ്ണൂർ: ആറളം ഫാമിലെ ചെണ്ടുമല്ലിപ്പാടത്ത് വ്യാപക മോഷണം. രണ്ടേക്കറോളം സ്ഥലത്തെ പൂക്കളാണ് അജ്ഞാതർ കവർന്നത്.കൃഷി വകുപ്പും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നൊരുക്കിയ തോട്ടത്തിലാണ് മോഷണം. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലിത്തോട്ടം. നാൽപ്പതേക്കറിൽ വിരിഞ്ഞ പൂക്കൾ വിളവെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായിട്ടേ ഉളളൂ. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളായ ആദിവാസി സ്ത്രീകളും എല്ലാം ചേർന്നൊരുക്കിയ തോട്ടം. ഓണവിപണി കൂടി കണ്ട് കാത്തുവച്ച അതിലെ പൂക്കളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.രണ്ടര ഏക്കറിലെ പൂക്കളും മൊട്ടുകളും കാണാനില്ല. രണ്ട് ക്വിന്‍റലോളം പൂക്കളാണ് മോഷ്ടിച്ചതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രാത്രിയിൽ വന്യമൃഗശല്യമുളള സ്ഥലമായതിനാൽ കാവലേർപ്പെടുത്തുക ബുദ്ധിമുട്ടാണ്. അത് മുതലെടുത്താണ് പൂ മോഷണം.ആറളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.