ഇന്ത്യയിലെ ഏറ്റവും ശക്തമായ പൂട്ടുകള്‍ക്ക് പേരുകേട്ട പ്രദേശമാണ് അലിഗഢ്. വിവിധ തരത്തില്‍ ഊരാക്കുടുക്കുകളില്‍ പൂട്ട് നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായ അലിഗഢിലെ പൂട്ട് വ്യവസായം ആഗോളതലത്തില്‍ തന്നെ പ്രശസ്തമാണ്. നഗരത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഒരു പൂട്ട് അടുത്തകാലത്ത് വാര്‍ത്താ പ്രാധാന്യം നേടി. പാഡ് ലോക്ക് എന്നറിയപ്പെടുന്ന ഈ പുതിയ പൂട്ട് നഗരത്തിലുടനീളമുള്ള വിപണികളിൽ അതിവേഗം ജനപ്രീതി നേടുകയാണെന്ന് റിപ്പോര്‍ട്ട്.
പുതിയ പൂട്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പവൻ ഖണ്ഡേൽവാൾ എന്ന പൂട്ട് വ്യവസായി പറയുന്നത്, ‘പാഡ്ലോക്ക് അതിന്‍റെ ശക്തിയിലും വൈവിധ്യത്തിലും സമാനതകളില്ലാത്തതാണ്’ എന്നാണ്. ഭാരമേറിയ യന്ത്രസാമഗ്രികളില്ലാതെയാണ് ഈ പൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്‍റെ തെളിവാണിത്. കൃത്യതയോടെയുള്ള ഈ പാഡ് ലോക്കുകളില്‍ 4 ലിവറുകൾ ഉള്ള മോഡലുകൾ മുതൽ 18 -ലിവർ വരെയുള്ള വ്യത്യസ്ത മോഡലുകളിലുള്ളവയുണ്ട്. ഇത് വൈവിധ്യവും ശക്തമായ സുരക്ഷയും ഉറപ്പാക്കുന്നു. അയോധ്യ അടക്കമുള്ള ക്ഷേത്രങ്ങളിലേക്ക് പൂട്ട് നിര്‍മ്മിച്ചതും അലിഗഢില്‍ നിന്നാണ്.
വ്യത്യസ്തമോഡലുകള്‍ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ചെറിയ മോഡലുകൾക്ക് 30 രൂപ മുതലും വലുതും കൂടുതൽ സുരക്ഷിതവുമായ മോഡലുകള്‍ക്ക് 40,000 രൂപ വരെയുമാണ് വിലയെന്ന് ഖണ്ഡേൽവാൾ പറയുന്നു. ഇന്ന് അലിഗഢിലെ പൂട്ടുകള്‍ക്ക് വലിയ ഡിമാന്‍റാണ് ഉള്ളത്. 1870 -ൽ ബ്രീട്ടീഷ് കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഒരു കമ്പനിയാണ് അലിഗഢില്‍ ആദ്യമായി ഒരു പൂട്ട് വ്യവസായം ആരംഭിക്കുന്നത്. പിന്നാലെ നഗരത്തിലെ ഏറ്റവും വലിയ വ്യവസായമായി പൂട്ട് വ്യവസായം മാറി. ഇന്ന് പൂട്ട് നിര്‍മ്മാണത്തിലൂടെയും പിച്ചള പാത്രങ്ങളും നിര്‍മ്മാണത്തിലൂടെയും 2,000 കോടി രൂപയുടെ വാര്‍ഷിക ബിസിനസാണ് നഗരത്തില്‍ നടക്കുന്നത്.