തിരുവനന്തപുരം : ദേശാഭിമാനി പാലക്കാട് യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ- ജിഷ അഭിനയക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്റെ തിക്കുറിശ്ശി പുരസ്‌കാരം. ജിഷ എഴുതിയ “ഏലി ഏലി ലമാ സബക്താനി’ എന്ന നാടകഗ്രന്ഥത്തിനാണ് പുരസ്‌കാരം. തൃശൂർ അഭിനയ നാടകസമിതിക്ക് നേതൃത്വം നൽകുന്ന ജിഷയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്, ഇടശേരി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം സലിൻ മാങ്കുഴിക്കും (പത), കവിതയ്ക്കുള്ള പുരസ്‌കാരം വിനോദ് വൈശാഖിക്കും ലഭിച്ചു (പുരികങ്ങൾക്കിടയിലെ സൂര്യോദയം).
നടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഞായറാഴ്ച പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അധ്യക്ഷനാകും. മന്ത്രി ആന്റണി രാജു, ജോസ് കെ മാണി എംപി, കെ ജീവൻ ബാബു, പ്രഭാവർമ തുടങ്ങിയവർ പങ്കെടുക്കും. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നടൻ അനന്തപുരം രവിയെ ചടങ്ങിൽ ആദരിക്കും.
മറ്റ് പുരസ്‌കാരങ്ങൾ
നോവൽ : അറവ് (രാജീവ് ഇടവ), ചലച്ചിത്ര ഗ്രന്ഥം : ഇന്ദ്രനീലം (രമേശ് ബിജു, ചാക്ക), ചരിത്ര നോവൽ: സ്മൃതിഗീതം (അനിൽ ചേർത്തല), കുറ്റാന്വേഷണ നോവൽ : ഏഴാമത്തെ കല്ലറ (ഋതുപർണ), ശാസ്ത്രഗ്രന്ഥം : ശാസ്തമഞ്ജുഷ ( എൻ ആർ സി നായർ പരശുവയ്ക്കൽ ), കുട്ടികളുടെ ഗ്രന്ഥം : ദക്ഷിണ നളന്ദ എന്ന കാന്തളൂർശാല (നഥാൻ വി ഫെലിക്‌സ്).