ഒരു യാത്ര പോയി വന്നാൽ കാറുകൾ പലതരം സാധനങ്ങൾകൊണ്ട് നിറയാറുണ്ട്. പലപ്പോഴും അലസത കാരണം നാം അതിൽ പലതും എടുത്ത് പുറത്ത് വയ്ക്കാറുമില്ല. ഇത്തരം സാധനങ്ങളിൽ ചിലതെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെത്തന്നെ അത്യാവശ്യത്തിന് ചില സാധനങ്ങൾ നമ്മള്‍ കാറിനകത്ത് സൂക്ഷിക്കാറുണ്ട്. ടിഷ്യൂ പേപ്പര്‍ മുതല്‍ വെള്ളക്കുപ്പി വരെ ഇതിൽപ്പെടുന്നു. ഇതിൽ പല സാധനങ്ങളും നമ്മള്‍ സ്ഥിരമായി കാറില്‍ സൂക്ഷിക്കുന്ന വസ്തുക്കളാണ്. എന്നാല്‍ കാറിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുമുണ്ട്. ഇതിൽ ചിലത് പരിചയപ്പെടാം.
എയറോസേൾ കാനുകൾ
കാറിൽ ഉപേക്ഷിക്കാൻ പാടില്ലാത്ത ഏറ്റവും പ്രധാന സാധനം എയറോസോൾ ക്യാനുകളാണ്. എയർ ഫ്രഷ്നറുകൾ, ഡിയോഡറന്റുകൾ, സ്പ്രേ പെയിന്റുകൾ എന്നിവയെല്ലാം എയറോസോൾ കാനുകളിലാണ് വരാറുള്ളത്. ഇവ നമ്മുടെ വാഹനത്തിന്റെ ഇന്റീരിയർ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ മുഴുവൻ വാഹനവും നശിപ്പിക്കാൻ ആവശ്യമായ ചെറിയ സ്‌ഫോടനം ഉണ്ടാക്കാൻ ശേഷിയുള്ളതാണ്.
സാനിറ്റൈസര്‍
കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചപ്പോള്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയ വസ്തുക്കളില്‍ ഒന്നാണ് സാനിറ്റൈസര്‍. ഇപ്പോഴും ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ കാറിനകത്ത് ഇത്തരത്തില്‍ ഒരു സാനിറ്റൈസര്‍ ബോട്ടില്‍ സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ടാകും. സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന കാര്യം പലര്‍ക്കും അറിയുമായിരിക്കും. ആല്‍ക്കഹോള്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുവാണ്. കാറിനകത്ത് സൂക്ഷിച്ച സാനിറ്റൈസറിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിച്ചാല്‍ അത് അപകം ചെയ്യാം.
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയല്‍ അകത്ത് ചൂട് കൂടും. ഇത് സാനിറ്റൈസര്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കും. ഇത്തരത്തില്‍ ചില സംഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ സാനിറ്റൈസര്‍ കാറില്‍ വെച്ച് പോകുന്നത് ഒഴിവാക്കേണ്ടതാണ്. അഥവാ കൊണ്ടുപോകുന്നുണ്ടെങ്കില്‍ തന്നെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
മെഡിസിൻ
പലപ്പോഴും കാറുകളുമായി പുറത്ത് ജോലിക്ക് പോകുന്ന ആളുകള്‍ക്ക് മരുന്ന് വണ്ടിയില്‍ തന്നെ സൂക്ഷിക്കുന്ന പതിവുണ്ടാകും. ഇത് തെറ്റായ ശീലമാണ്. കാറിനകത്തെ താപനില മാറിക്കൊണ്ടിരിക്കുന്നതാണല്ലോ. ചിലപ്പോള്‍ നമ്മള്‍ എസി ഓണാക്കും. ചിലപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത് പോകും. ഇതെല്ലാം മരുന്നുകളെ സ്വാധീനിക്കും. മരുന്നുകള്‍ ഹൈപ്പോതെര്‍മിക് ആയതിനാല്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം അതിന്റെ ഫലപ്രാപ്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മരുന്ന് കഴിക്കുന്നതിന്റെ ഫലം കിട്ടണമെന്നുണ്ടെങ്കില്‍ അവ സ്ഥിരമായി കാറില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
സണ്‍സ്‌ക്രീൻ ലോഷനുകൾ
സൂര്യപ്രകാശത്തില്‍ നിന്ന് ചർമം പരിരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരുണ്ട്. സണ്‍സ്‌ക്രീനും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളും കാറില്‍ ഉപേക്ഷിച്ച് പോകരുതെന്നാണ് പ്രമാണം. കാറിനകത്ത് നല്ല ചൂടുള്ള സ്ഥലത്താണ് കോസ്‌മെറ്റിക്‌സ് സൂക്ഷിക്കുന്നതെങ്കില്‍ അതിന്റെ സ്വഭാവം മാറുകയും കേടാകുകയും ചെയ്യും. ഇത് പിന്നീട് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ സണ്‍സ്‌ക്രീന്‍ അടക്കമുള്ള കോസ്‌മെറ്റിക് സാധനങ്ങള്‍ നിശ്ചിത ചൂട് ഉള്ള സ്ഥലങ്ങളില്‍ മാത്രം സൂക്ഷിക്കാന്‍ ശ്രമിക്കുക.
മദ്യം
മദ്യപിക്കുന്ന ശീലമുള്ള ചിലപ്പോഴെങ്കിലും മദ്യം കാറില്‍ സ്‌റ്റോക്ക് ചെയ്യുന്ന രീതി കാണാറുണ്ട്. എന്നാല്‍ മുകളില്‍ സാനിറ്റൈസറിന്റെ കാര്യത്തില്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. തികച്ചും അപകടകരമായ ഈ പ്രവര്‍ത്തിയും ഒഴിവാക്കാന്‍ ശ്രമിക്കുക.
ലൈറ്റര്‍
പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് സ്ഥിരമായി കൈയ്യില്‍ ഒരു ലൈറ്റര്‍ കൊണ്ടുനടക്കുന്ന ശീലമുണ്ടാകും. ചിലര്‍ സൗകര്യത്തിനായി കാറിനകത്തും ലൈറ്റര്‍ സൂക്ഷിക്കും. എന്നാല്‍ ലൈറ്ററിനകത്ത് കത്താന്‍ സാധ്യതയുള്ള ദ്രാവകമുള്ളതിനാല്‍ കാറിനകത്ത് അവ സൂക്ഷിക്കുന്നത് അപകടകരമാണ്. ഏതെങ്കിലും കാരണത്താൽ കാറിൽ തീപിടിത്തം ഉണ്ടായാൽ ഇത്തരം സാധനങ്ങൾ അതിന്റെ തീവ്രത വർധിപ്പിക്കും.
വളർത്തുമൃഗങ്ങൾ ചെടികൾ എന്നിങ്ങനെയുള്ള ജൈവ വസ്തുക്കളും മൊബൈൽ, ടാബ്‍ലറ്റ്, ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് സാധനങ്ങളും വാഹനങ്ങളിൽ ഉപേക്ഷിച്ച് പോകാൻ പാടുള്ളതല്ല. കാറിനുള്ളിലെ ഉയർന്ന ചൂടും ഹ്യൂമിഡിറ്റിയും ഇതെല്ലാത്തിനും കേടുവരുത്താൻ സാധ്യതയുണ്ട്.