മസ്കറ്റ്: ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) കണ്ടെത്തിയിരുന്നു.
കനത്ത മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെ കൂടിയാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബാനി ഗാഫിർ തോട്ടിലെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. അതേസമയം ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, ബുറൈമി, മസ്ക്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, ഷർഖിയ, അൽവുസ്ത എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്.
ലിവ വിലായത്തിൽ വാദിയിൽ കുടുങ്ങിയ 2 പേരെക്കൂടി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വടക്കൻ ശര്‍ഖിയ ഗവർണറേറ്റിലെ പ്രതിരോധ ആംബുലൻസ് വകുപ്പിൻറെ രക്ഷാസംഘങ്ങൾ ഇന്ന് പുലർച്ചെ സിനാവ് വിലായത്തിലെ അൽ ബത്ത വാദിയിൽ വാഹനവുമായി കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാദിയിൽ നിന്നും രക്ഷപെട്ടയാൾ പൂർണ ആരോഗ്യവാനാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.