തിരുനെല്ലി : തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം വികസന പ്രവൃത്തികളിലൂടെ മുഖം മിനുക്കാനൊരുങ്ങുന്നു. വിളക്കുമാടം, ചുറ്റമ്പലം, കരിങ്കൽപ്പാത്തി നവീകരണം തുടങ്ങി 12 കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. പ്രതിദിനം ആയിരങ്ങൾ വന്നുപോകുന്ന ക്ഷേത്രത്തിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള ദൈവത്താർമണ്ഡപം പോലുള്ളവ നവീകരിക്കുകയുമാണ് ലക്ഷ്യം. സർക്കാർ അനുവദിച്ച 12 കോടി രൂപയുടെ പ്രഖ്യാപനവും പദ്ധതിക്ക് തുടക്കം കുറിക്കലും ക്ഷേത്രത്തിൽ നടന്നു.
ചുറ്റമ്പല നിർമാണം പൂർത്തിയാക്കൽ, അമ്പലത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള കരിങ്കൽപ്പാത്തിയുടെ നവീകരണം, നൂറ്റാണ്ടുകൾ പഴക്കമുള്ളതും പകുതി നിർമാണം പൂർത്തിയായതുമായ വിളക്കുമാടത്തിന്റെ പൂർത്തീകരണം, പാപനാശിനിയിലേക്കുള്ള വഴിയിൽ പുതിയ കരിങ്കല്ലുകൾ പാകൽ തുടങ്ങിയവെയ്ക്കാണ് പ്രഥമപരിഗണന നൽകുക. വെള്ളമെത്തിക്കുന്ന കരിങ്കൽപ്പാത്തിയും പാപനാശിനിയിലേക്കുള്ള കരിങ്കൽ പാകിയതും കാലപ്പഴക്കത്താൽ നശിച്ചുതുടങ്ങിയിട്ടുണ്ട്. പാപനാശനിയിലെ കുളിക്കടവ് നവീകരണം, വഴിയിലെ വൈദ്യുതീകരണം എന്നിവയും നടക്കും. തിരുനെല്ലി ക്ഷേത്രത്തോട് ചേർന്നുള്ള ഗുണ്ഡിക ശിവക്ഷേത്രവും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലാണ് നിലവിൽ ഗുണ്ഡികാ ശിവക്ഷേത്രവും. ഇതോടൊപ്പം കിഴക്കേനടയിലെ കുളവും പഞ്ചതീർഥം കുളവും നവീകരിക്കും.