തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറയുന്നത്. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.
അതിനിടെ, അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് നൗഫല്‍ എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ ഷഹാന തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോയി. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.