തിരുവനന്തപുരം> ലോകമെമ്പാടും ഓപ്പറേഷൻ തിയറ്ററുകളിൽ അനുവർത്തിച്ചു വരുന്ന വസ്‌ത്രധാരണരീതി സാർവത്രികമാണെന്നും അതിൽ മാറ്റംവരുത്താനില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്. ഇക്കാര്യം വിദ്യാർഥിനികളെ ബോധ്യപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
തിയറ്ററിനുള്ളിൽ രോഗിക്ക് അണുബാധയേൽക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യം. ഡോക്‌ടർമാർ പാലിച്ചുവരുന്ന ഡ്രസ് കോഡിന് വിരുദ്ധമായുള്ള വസ്‌ത്രധാരണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ വിദ്യാർഥികളോട് വിവരിക്കുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്‌തു. എങ്കിലും കമ്മിറ്റി രൂപീകരിച്ച് വിഷയം ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സർജൻമാർ, അനസ്‌തേഷ്യ ഡോക്‌ടർമാർ, ഇൻഫെക്‌ഷ്യസ് വിഭാഗം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാകും കമ്മിറ്റി രൂപീകരിക്കുക.
ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബിന് സമാനമായ ‘സർജിക്കൽ ഹുഡ്‌സും’ കൈയടക്കം മറയ്ക്കുന്ന രീതിയിൽ ആചാരപ്രകാരമുള്ള വസ്‌ത്രധാരണത്തിനും അനുമതി നൽകണമെന്നുമായിരുന്നു ഏഴ് വിദ്യാർഥിനികളുടെ ആവശ്യം. ഇതുന്നയിച്ച് പ്രിൻസിപ്പലിനാണ് കത്തുനൽകിയത്. കൈ പൂർണമായും മറയ്‌ക്കുന്ന സ്‌ക്രബ് ധരിക്കാൻ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജാതി, മത വിശ്വാസങ്ങൾക്ക് അതീതമായി രോഗീസുരക്ഷ മുൻകണ്ട് തയ്യാറാക്കിയ സാർവത്രിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ ആവശ്യങ്ങളെന്ന് ഡോക്‌ടർമാരും പറയുന്നു. ഐഎംഎ അടക്കമുള്ള സംഘടനകളും വിദ്യാർഥിനികളുടെ ആവശ്യത്തെ എതിർത്തു