തിരുവനന്തപുരം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് കൈതാങ്ങായി തിരുവനന്തപുരം നഗരസഭ. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല – ദീർഘകാല അടിസ്ഥാനത്തിൽ പ്രായോഗികപരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ് ബുക്കിന്റെ പൂർണ രൂപം
കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഭിന്നശേഷി വിഭാഗത്തിലെ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും യാതൊരുവിധത്തിലുമുള്ള വേർതിരിവില്ലാതെ തുല്യ പങ്കാളിത്തവും അവസരവും ലഭ്യമാക്കാൻ ഉതകുന്ന പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് നഗരസഭ ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി കേരളത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ തദ്ദേശസ്ഥാപനത്തിനുള്ള അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല – ദീർഘകാല അടിസ്ഥാനത്തിൽ പ്രായോഗികപരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിൽ മാത്രം 21 പേർക്ക് ഇലക്ട്രോണിക് വീൽചെയറും, 14 വീൽചെയറും, 77 സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളും, 53 പേർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷനും, ഒമ്പത് പേർക്ക് ഹിയറിങ്ങ് എയ്‌ഡും വിതരണവും നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നഗരത്തിലെ എല്ലാ ഭിന്നശേഷിക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുകയും മികവാർന്ന പ്രവർത്തനങ്ങൾ നടത്തുവാൻ പ്രാപ്തരാവുകയും ചെയ്യട്ടെ എന്നും ആശംസിക്കുന്നു.
തലസ്ഥാനനഗരം സ്മാർട്ടാകുമ്പോൾ സ്മാർട്ടാകാത്തതായി ആരുമുണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാവരെയും ചേർത്ത് പിടിച്ച് നമ്മൾ നമ്മുടെ നഗരത്തെ ലോകോത്തരമാക്കും. അതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എന്ത് സഹായത്തിനും മേയർ എന്ന നിലയിൽ ഞാനും നഗരസഭയും എപ്പോഴും കൂടെയുണ്ടാകും എന്ന് ഉറപ്പു നൽകുന്നു.