തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ കൊള്ള ക്രമക്കേടുകളുടെ രേഖ 24ന് ലഭിച്ചു. കരാറുകാർ, ബിനാമികൾ, ഉദ്യോഗസ്ഥർ ഓരോ വർഷവും തട്ടിയെടുത്തത് കോടികൾ എന്ന് കണ്ടെത്തി. വഴിപാടുകൾ, എസ്‌റ്റേറ്റ് ഡിവിഷൻ, മരാമത്ത് പണികൾ എന്നിവയിൽ വരെ കോടികളുടെ തട്ടിപ്പ്. മരാമത്ത് വകുപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടന്നത്. നിർമ്മാണ പ്രവർത്തനത്തിന് ചെലവഴിച്ച 700 കോടിയുടെ ഓഡിറ്റ് 10 വർഷമായി നടത്തിയിട്ടില്ല. ഓഡിറ്റ് നടത്താത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ദേവസ്വം ബോർഡിന് കോടികൾ നൽകാനുള്ളവർ എല്ലാ ആനുകൂല്യങ്ങളും വാങ്ങി വിരമിച്ചു. 5 വർഷത്തിനുള്ളിൽ എസ്‌റ്റേറ്റ് ഡിവിഷനിൽ മാത്രം ഉദ്യോഗസ്ഥർ നൽകാനുള്ളത് 5 കോടി രൂപ.
അതേ സമയം ചെയ്യാത്ത പണികളുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് കത്ത് നൽകിയിരുന്നു. ചെയ്യാത്ത മരാമത്ത് പണികളുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ചെയ്യാത്ത പണികളുടെ പേരിൽ കോടികൾ എഴുതിയെടുത്തതായി കണ്ടെത്തൽ. 11 ഉദ്യോസ്ഥർക്കെതിരെയാണ് സംസ്ഥാന വിജിലൻസിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി കത്ത് നൽകിയത്. പണിയാത്ത മതിലിനും കുളം നവീകരണത്തിനും ഉൾപ്പെടെ ബിൽ എഴുതിയെടുത്തെന്ന് കണ്ടെത്തൽ. തട്ടിപ്പ് മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് നടന്നത്. വിജിലൻസ് ഡയറക്ടർക്ക് ബോർഡ് സെക്രട്ടറിയും പ്രസിഡന്റും കത്ത് നൽകി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും സംസ്ഥാന വിജിലൻസിന് കൈമാറി.