അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. വയറിലെ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അൽപ്പം ബുദ്ധിമുട്ടായേക്കാം. എന്നാൽ അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും പതിവ് വ്യായാമം ചെയ്യുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ജ്യൂസ് പരിചയപ്പെട്ടാലോ.?
ബീറ്റ്റൂട്ടും മഞ്ഞളും കൊണ്ടുള്ള സൂപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ നൈട്രേറ്റും ബീറ്റലൈനും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെയും രക്തപ്രവാഹത്തെയും സഹായിക്കുന്നതിലൂടെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. നൈട്രേറ്റുകൾക്ക് നൈട്രിക് ഓക്സൈഡായി മാറാൻ കഴിയും. അത് രക്തക്കുഴലുകളുടെ പ്രവർത്തനവും മാലിന്യ നീക്കം ചെയ്യലും മെച്ചപ്പെടുത്തുന്നതായി ക്ലിനിക്കൽ പോഷകാഹാര വിദഗ്ധൻ സമ്രീൻ സാനിയ പറയുന്നു. മഞ്ഞളിനെ സംബന്ധിച്ചിടത്തോളം അതിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അതിന്റെ നിർജ്ജലീകരണ പ്രക്രിയകളിൽ സഹായിക്കുകയും ചെയ്യും. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?…
വേണ്ട ചേരുവകൾ…
ബീറ്റ്റൂട്ട് 2 (ഇടത്തരം വലിപ്പം)
മഞ്ഞൾ കഷ്ണം 1 എണ്ണം
ആപ്പിൾ 1 എണ്ണം
നാരങ്ങ നീര് 1 സ്പൂൺ
കുരുമുളക് അര സ്പൂൺ
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ബീറ്റ്റൂട്ട്, മഞ്ഞൾ എന്നിവ നന്നായി കഴുകുക. മഞ്ഞൾ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക. ശേഷം ആപ്പിൾ ചെറുതായി അരിഞ്ഞെടുക്കുക. കുരുമുളക്, മഞ്ഞൾ, ആപ്പിൾ ബീറ്റ്റൂട്ട് എന്നിവ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം നാരങ്ങ നീര് ചേർക്കുക. ശേഷം കുടിക്കുക. ജ്യൂസ് തയ്യാർ…