തിരുവനന്തപുരം: ഈ വർഷത്തെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോ ആണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. 250 രൂപയാണു ടിക്കറ്റ് വില.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ സമ്മർ ബംപർ ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. സമ്മാനങ്ങളിലും വർദ്ധനവ് ഉണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. ക്രിസ്മസ് ബംപർ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ജനുവരി 20 ആയിരുന്നു സമ്മർ ബംപറിന്റെ ടിക്കറ്റ് പ്രകാശനം നടന്നത്.
അതേസമയം, XD 236433 എന്ന നമ്പറിനാണ് ഇത്തവണത്തെ ക്രിസ്മസ് ന്യു ഇയർ ബംപർ അടിച്ചിരിക്കുന്നത്. 16 കോടിയാണ് ഒന്നാം സമ്മാനം. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഭാഗ്യശാലി പൊതുവേദിയിൽ എത്തിയിട്ടില്ല. തിരുവോണം ബംപർ വിജയി അനൂപിന്റെ അവസ്ഥകൾ മുന്നിൽ ഉള്ളത് കൊണ്ട് ക്രിസ്മസ് ബംപർ ഭാഗ്യവാൻ രംഗത്തെത്തില്ലെന്നാണ് ചർച്ചകൾ.
ക്രിസ്മസിന് പിന്നാലെയുള്ള പൂജ ബംപർ വിജയിയും രംഗത്തെത്തിയിരുന്നില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലിയും മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജനുവരിയില്‍ ഇയാൾ ടിക്കറ്റ് ഹാജരാക്കി. പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ചകൊണ്ടാണ് ഭാഗ്യശാലി ടിക്കറ്റ് ഹാജരാക്കിയത്.