ന്യൂഡല്‍ഹി : ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാല്‍ സിഖ് മതത്തിലേക്കും ബുദ്ധമതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് പുതിയ മതത്തിലേക്കുള്ള പരിവര്‍ത്തനത്തിനു ശേഷവും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തുടരുന്നു. ഈ നയം പക്ഷപാത പരമാണ്. കാരണം ഇത് വ്യത്യസ്ത മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുന്നവരെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്നും എംപി പറഞ്ഞു.
2005ല്‍ സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി 2006ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നത്തിനുവേണ്ടിയാണ്. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കുകയും, ആ കമ്മിറ്റി ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നില പഠിക്കുകയും ചെയ്യണം.
ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്താല്‍ അത് രാജ്യത്തെ ഭീഷണി നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീഷണികളും, രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പള്ളി ആക്രമണങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍, സ്വന്തം പൗരന്മാര്‍ക്ക് അനുകൂലമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എംപി ആവശ്യപ്പെട്ടു.