ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോസമസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെ.വി.തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് ചിന്തൻ ശിബിരത്തിനായി ഉദയ്‌പുരിലെത്തിയ സുധാകരൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി.തോമസിന് ഒരു ചുക്കും ചെയ്യാനില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാന്‍ കഴിയില്ല, കെ.വി.തോമസ് പാർട്ടിക്ക് വെളിയിലായി. കെ.വി.തോമസിനൊപ്പം കോൺഗ്രസുകാർ ആരുമില്ല. തോമസിന്റെ കൂടെ ഒരാൾപോലും പാർട്ടിവിടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് കൺവൻഷനിൽ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പിണറായി വികസന നായകനെന്നും പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കെ.വി.തോമസിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറങ്ങുമെന്നും കെ.വി. തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുൻപ്, കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന് പാർട്ടിയുടെ പ്രധാന പദവികളിൽനിന്നു നീക്കാനുള്ള കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം പാർട്ടി അധ്യക്ഷ സോണിയ അംഗീകരിച്ചിരുന്നു. മുതിർന്ന നേതാവാണെന്നതു പരിഗണിച്ചു തൽക്കാലം പാർട്ടിയിൽനിന്നു അന്ന് സസ്പെൻഡ് ചെയ്തിരുന്നില്ല.