കണ്ണൂർ: പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെ.വി.തോമസിനെ സസ്പെൻഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോർട്ട് നൽകിയത്. ഇപ്പോൾ കെ.വി.തോമസ് പാർട്ടിയിൽ ഇല്ല. പുറത്താക്കാൻ മാത്രം പ്രാധാന്യമില്ല – സുധാകരന്‍ പറഞ്ഞു.
കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും സുധാകരൻ ചോദിച്ചു. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ജോ ജോസഫിനു വേണ്ടി സ്വന്തം തിരഞ്ഞെടുപ്പിന് ഇറങ്ങിയതു പോലെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി. തോമസ് പറഞ്ഞു. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതു മുന്നണി പ്രചാരണ പരിപാടി ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും തോമസ് പറഞ്ഞു.