ന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിൻ അപകടമുണ്ടായ ബാലസോർ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം കേന്ദ്ര സർക്കാറുണ്ടാകുമെന്നും മോദി പറഞ്ഞു.
എന്റെ ദുഃഖം വിവരിക്കാൻ വാക്കുകളില്ല. പരിക്കേറ്റവർക്കായി സർക്കാർ എല്ലാം ചെയ്യും. ദുരന്തത്തിന് ഉത്തരവാദികളായവർക്ക് കനത്ത ശിക്ഷ നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. ബാലസോറിന് സമീപത്തുള്ള ബാഹങ്ക ബസാറിൽ വ്യോമസേന വിമാനത്തിലെത്തിയതിന് ശേഷം മോദി റോഡുമാർഗം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു പ്രധാനമന്ത്രി. പിന്നീട് ബാലസോർ ജില്ലാ ആശുപത്രിയിൽ പരിക്കേറ്റ് കഴിയുന്നവരെയും മോദി സന്ദർശിച്ചു. അദ്ദേഹത്തിനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രിയെ വിളിച്ച് പരിക്കേറ്റവർക്ക് എല്ലാ ചികിത്സ സൗകര്യവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 900ത്തിലേറെ പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാർ -ചെന്നൈ കോറൊമണ്ഡൽ എക്സ്പ്രസിന്റെ 10 -12 കോച്ചുകൾ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം.
തൊട്ടു പിറകെ വന്ന ബംഗളൂരു -ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികൾക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോച്ചുകൾ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിൻ ഈ ബോഗികളിൽ ഇടിക്കുകയുമായിരുന്നു. ഇതാണ് വൻ ദുരന്തത്തിന് ഇടവെച്ചത്.
രാത്രി നടന്ന സംഭവത്തിൽ രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടേറി. ആയിരക്കണക്കിന് ആളുകൾ അപകടതിൽ പെട്ടതോടെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും അക്ഷീണം പ്രവർത്തിച്ചു. നാട്ടുകാരുൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോയത്. സൈന്യത്തിന്റെ സഹായവും തേടി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനിറങ്ങി. സൈന്യത്തിന്റെ മെഡിക്കൽ, എഞ്ചിനീയറിങ് വകുപ്പുകൾ രക്ഷ പ്രവർത്തനത്തിനുണ്ടായിരുന്നു.