ന്യൂഡൽഹി : ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാർലമെൻ്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കാത്തതെന്നും പ്രതിപക്ഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാർത്ഥതയ്ക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണെന്നും അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകിയെന്നും മോദി ആരോപിച്ചു. ഇത്തരം പാർട്ടികളെ ജനം തിരിച്ചറിയും. ആരോഗ്യകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്. സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകില്ല. ജനങ്ങളുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വേണ്ടി പോരാടണം. പ്രതിപക്ഷത്തെ ചിലർ ജനങ്ങൾക്ക് വേണ്ടിയല്ല നിലകൊള്ളുന്നത്.
ജനങ്ങൾക്ക് വേണ്ടിയോ ജനാധിപത്യത്തിന് വേണ്ടിയോ ഭരണഘടനക്ക് വേണ്ടിയോ അല്ല അവർ നിലകൊള്ളുന്നത്. പാർലമെന്റിന്റെ വിലപ്പെട്ട സമയം പാഴാക്കരുത്. അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണം. പുതിയ തലമുറയ്ക്ക് മാതൃയാകുന്ന സന്ദേശമാകണം പാർലമെന്റ് നൽകേണ്ടത്. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിനും ഭരണഘടനയോടുള്ള അവരുടെ സമർപ്പണത്തിനും പാർലമെൻ്ററി പ്രവർത്തന സമ്പ്രദായത്തിലുള്ള വിശ്വാസത്തിലും അർപ്പണബോധമുള്ളവരാണ്. പാർലമെൻ്റിൽ ഇരിക്കുന്ന നാമെല്ലാവരും ജനങ്ങളുടെ വികാരങ്ങൾക്കൊത്ത് ജീവിക്കണം. ഇതാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ഡിസംബർ 20 വരെയാണ് സമ്മേളനം. അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ലോക്സഭ 12 മണിവരെ പിരിഞ്ഞു.