ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമായതെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ദ്രേഷ് കുമാറാന്റെ പരാമർശം.
ഭഗവാൻ രാമന്റെ ഭക്തർ പതുക്കെ അഹങ്കാരികളായി മാറി. അവർ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമൻ അവരെ 241ൽ നിർത്തിയെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹം ഇൻഡ്യ സഖ്യത്തിനെതിരെ വിമർശനം ഉന്നയിച്ചത്. രാമനിൽ വിശ്വാസമില്ലാത്തവരെ ഭഗവാൻ 234ൽ നിർത്തി. ദൈവത്തിന്റെ നീതി സത്യമുള്ളതും എല്ലാവരേയും സന്തോഷിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 241 സീറ്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 234 സീറ്റുമാണ് ലഭിച്ചത്.
നേരത്തെ ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും വിമർശനം ഉന്നയിച്ചിരുന്നു. യഥാർഥ സേവകൻ ജോലിയിൽ കൃത്യനിഷ്ഠപുലർത്തുമെന്നും അഹങ്കാരം കാണിക്കില്ലെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന. മണിപ്പൂരിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാൻ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.