പാലക്കാട്: കേരള സര്‍ക്കാരിന്റെ കീഴിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനം 333 രൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിക്ക് കീഴിലെ പ്രതിദിന വേതനം 333 രൂപയാക്കിയതോടെയാണ് കേരള സര്‍ക്കാരും മുന്‍കാല പ്രാബല്യത്തോടെ തുക വര്‍ധിപ്പിച്ച് ഏകീകരിച്ചത്. നിലവില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ദിവസ വേതനം 311 രൂപയാണ്. 2023 മാര്‍ച്ച് 23ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കി തീരുമാനമെടുത്തത്.
അതേസമയം കേരള സര്‍ക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 311 രൂപയായി തുടരുകയും ചെയ്തു.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തിയെടുക്കുന്നവര്‍ക്ക് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലും ജോലി ലഭ്യമാകുന്ന സാഹചര്യത്തില്‍ വേതനത്തിലെ അന്തരം പ്രതിഷേധത്തിനിടയാക്കി. തുല്യമായ വേതനം ലഭിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ദിവസ വേതനവും തത്തുല്യമായി വര്‍ധിപ്പിക്കണമെന്ന് തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തദ്ദേശവകുപ്പ് അധികൃതര്‍ക്ക് കത്തെഴുതി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രതിദിന വേതനം 333 രൂപയാക്കി ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാന്‍ ഉത്തരവായത്.