ദില്ലി: ബിഗ് ബോസ് താരവും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അർച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുൾപ്പെടെ നടത്തിയെന്നാരോപിച്ച് അർച്ചനയുടെ പിതാവും രംഗത്തെത്തി. യുപി തെരഞ്ഞെടുപ്പിൽ മത്സരിച്ച അർച്ചന കഴിഞ്ഞ മാസം റായ്പൂരിൽ നടന്ന പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം 26നാണ് പ്രിയങ്കഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് ആയ സന്ദീപ് സിങിൽ നിന്നും ഭീഷണി ഉണ്ടായതായി അർച്ചന പറയുന്നത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തിനാണ് ഇവിടെ നിലനിർത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും അർച്ചന ചോദിച്ചിരുന്നു. തന്നെ കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കും. കൊല്ലുമെന്നും ഭീഷണി ഉണ്ടായിരുന്നു. കൂടാതെ ജാതി അധിക്ഷേപവും നടത്തിയെന്നാണ് പരാതി.
റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം മകൾ അർച്ചന പോയിരുന്നു. എന്നാൽ പ്രിയങ്കഗാന്ധിയെ സന്ദർശിക്കാൻ അനുവാദം ചോദിച്ചതിനെ തുടർന്ന് സന്ദീപ് സിങ് മോശമായി പെരുമാറുകയായിരുന്നുവെന്ന് അർച്ചനയുടെ പിതാവ് പറയുന്നു. ജാതി അധിക്ഷേപത്തിനൊപ്പം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു. അതേസമയം, സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടിക ജാതി-പട്ടിക വർഗ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.