തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം കെ കണ്ണന് ചോദ്യം ചെയ്യലിന് ശേഷം ഉന്നയിച്ചത്. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന് പറഞ്ഞു. ഇ ഡി ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പറയാന്‍ തന്നെ നിര്‍ബന്ധിച്ചു. ഇഡിക്കെതിരായ പി ആര് അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണന് പ്രതികരിച്ചു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്റെ അടുത്ത് ഇ ഡി ചോദിച്ചില്ല. ബാങ്കിലെ ചില ആളുകളുടെ അക്കൗണ്ടിനെ കുറിച്ച് മാത്രം ചോദിച്ചു. ഭീഷണിയും സമ്മര്‍ദവുമാണ് ഉണ്ടായത്. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയുകയാണ് അവരുടെ ആവശ്യം എന്നും എം കെ കണ്ണന് പ്രതികരിച്ചു.