തൃശൂർ : കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.