കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിലായി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് സ്വദേശി അനന്തു, കണ്ണങ്കര പുല്ലു, മലയിൽ സ്വദേശി ജാഫർ, അമ്പായത്തോട് പുല്ലുമലയിൽ സ്വദേശി മിർഷാദ് എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവർ മുമ്പ് ഇത്തരം കേസുകൾക്ക് ജയിലിലായി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണ്.
ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് മയക്കുമരുന്ന് വേട്ടയിൽ മറ്റൊരു പൊൻതൂവലാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽപ്പെട്ട എസ്റ്റേറ്റ് മുക്കിൽ വെച്ച് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ റഫീഖ്, ഡ്രൈവർ ബൈജു, സിപിഒമാരായ അശ്വിൻ അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കെഎൽ 7 എ എ 9888 നമ്പർ കാറിൽ യാത്ര ചെയ്തു വരവെ പ്രതികളിൽ നിന്ന് 6.82 ഗ്രാം എംഡിഎംഎ, 7.5 ഗ്രാം കഞ്ചാവ്,13.20 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, തൂക്കി കൊടുക്കുന്നതിനുള്ള ഇലക്ടോണിക്ക് ത്രാസ്, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും പിടിച്ചെടുത്തതായി ബാലുശ്ശേരി പൊലീസ് പറഞ്ഞു.
അതേസമയം, ആലപ്പുഴ നഗരത്തില്‍ സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. 140 ഗ്രാം എം.ഡി.എം.എ. ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയവ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരളത്തിന് പുറത്തു നിന്നും വാങ്ങി വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. കാര്‍ത്തികപ്പള്ളി മഹാദേവികാട് വാഗനസ്ഥാനത്ത് ശ്രീമന്ദിരത്തില്‍ അതുല്‍ദേവ് (24), മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും 2021 ല്‍ കലവൂരിൽ 13 ലക്ഷം രൂപ കവര്‍ന്ന പെട്രോള്‍ പമ്പ് മോഷണ കേസിലെ ഒന്നാം പ്രതിയും മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടികേസുകളിലെ പ്രതിയുമായ മുഹമ്മ പുത്തന്‍ചിറയില്‍ ഉണ്ണി എന്നു വിളിക്കുന്ന ആഷിക്ക് (28) എന്നിവരാണ് പിടിയിലായത്.