തിരുവല്ല: താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച കേസിൽ നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. താറാവു കര്‍ഷകനായ മേപ്രാല്‍ വേലൂപ്പറമ്പില്‍ വീട്ടില്‍ രാജു(67)വിനാണ് വെട്ടേറ്റത്.
രാജുവിന്റെ അയല്‍വാസി പായ്ക്കണ്ടംചിറയില്‍ പ്രസൂണ്‍ (അച്ചു-32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ചംകോട്ടുചിറയില്‍ സനല്‍ സാമുവല്‍(35), കാരയ്ക്കല്‍ വടക്കുറ്റുശ്ശേരില്‍ ശ്രീജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. 1500 താറാവുകളെ രാജു വളര്‍ത്തുന്നുണ്ട്. പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന് ഇണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് താറാവുകളെ നായ്ക്കള്‍ കൊന്നു. ഇതില്‍ പ്രകോപിതനായി എത്തിയ രാജു ഒരു നായെ തല്ലിക്കൊന്നു.
ഇതിന്റെ പകയിൽ രാത്രിയോടെ പ്രസൂണും സുഹൃത്തുക്കളും മാരകായുധവുമായി എത്തി രാജുവിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്ത്, മുതുക്, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ നിരവധി വെട്ടുകളേറ്റ രാജു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.