തിരുവനന്തപുരം : സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മൂന്ന് പേരെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. കൊല്ലൂർക്കോണം കബറഡി ഷബീർ മൻസിലിൽ യാസിൻ (21), സഹോദരൻ ഷമീർ(29), കബറഡി സാജിത് മൻസിൽ സാജിത് (19) എന്നിവരെയാണ് മംഗലപുരം പോലീസ് പിടികൂടിയത്. മേലെ തോന്നയ്ക്കൽ സ്വദേശി ബിലാൽ (18) നെയാണ് ഇവർ മർദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മംഗലപുരം കാരോട് വെച്ചായിരുന്നു സംഭവം. കാറിൽ നിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ ശേഷവും സംഘം പിൻതുടർന്നെത്തി അസഭ്യം പറഞ്ഞുവെന്ന് യുവാവിന്‍റെ വീട്ടുകാർ മംഗലപുരം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു. യുവാവിന്‍റെ സ്കൂട്ടർ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.