കൂട്ടം : എലിവേറ്റഡ് ഹൈവേയുടെ നിർമാണസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. കാര്യവട്ടം ആലംകോട് മഠത്ത് വീട്ടിൽ പ്രദീപ് (39), മേനംകുളം കല്പന വാർഡ് വിളയിൽവീട്ടിൽ മണിയൻ (42), കഴക്കൂട്ടം വടക്കുംഭാഗം മണക്കാട്ടുവിളാകം വീട്ടിൽ സുബൈർ (44) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് എതിർവശത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന എലിവേറ്റഡ് ഹൈവേയുടെ പില്ലറുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബ്രാക്കറ്റുകൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. നിർമാണ കമ്പനി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സി.ഐ. പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.