റിയാദ്: സുരക്ഷാ സൈനികരെന്ന വ്യാജേന ആയുധം ചുണ്ടി കൊള്ള നടത്തിയ മൂന്നംഗ സംഘം റിയാദിൽ പിടിയിൽ. സൈനികരുടെ വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കടന്നുകയറിയ സംഘം ആയുധങ്ങൾ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം അവിടെനിന്ന് പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും തട്ടിയെടുത്തു സ്ഥലം വിടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നഗരത്തിന്റെ വടക്കൻ അതിർത്തിക്ക് പുറത്ത് വെച്ച് അൽഖസീം പ്രവിശ്യ പൊലീസിന്റെ സഹായത്തോടെ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി യുവാക്കളാണ് പ്രതികൾ. കൃത്യത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും കത്തിയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.