കുന്നംകുളം: പുതുവർഷത്തിൽ വിൽപനക്ക് തയാറാക്കിയ ലഹരിവസ്തുക്കളുമായി മൂന്നുപേരെ പോലീസ് പിടികൂടി. ചെമ്മണൂർ സ്വദേശികളായ മമ്പറമ്പത്ത് മുകേഷ് (23), പാനപറമ്പ് ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലത്ത് അബു (26) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 12 മയക്കുമരുന്ന് പാക്കറ്റുകളും അര കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവടങ്ങിയ ലേഹ്യവും പിടികൂടി. ആനായ്ക്കൽ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ചെമ്മണൂർ ബസ്സ്റ്റോപ്പിനു സമീപം നിർത്തിയിട്ടിരുന്ന കാർ കണ്ട് സംശയം തോന്നി പോലീസ് വാഹനം നിർത്തിയതോടെ കാറിൽ നിന്ന് രണ്ടുപേർ ഇറങ്ങിയോടി. കാറിൽ ശേഷിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിവസ്തു വിൽപനക്കായി വന്നതാണെന്ന് മനസ്സിലായത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് വാങ്ങി ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ പതിവ്. ലഹരിവസ്തു വിൽപനക്ക് ഉപയോഗിച്ച കാറും ആഡംബര ബൈക്കുകളും ഉൾെപ്പടെ അഞ്ച് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർമാരായ ഗോപിനാഥൻ, ബസന്ത്, എ.എസ്.ഐ ഗോകുലൻ, സീനിയർ സി.പി.ഒമാരായ അബ്ദുൽ റഷീദ്, സന്ദീപ്, സി.പി.ഒമാരായ ഇ.കെ. ഹംദ്, എസ്. സുജിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.