ഇടുക്കി: എട്ടു പേരുടെ ജീവൻ കവർന്ന കൊക്കയാർ ദുരന്തത്തിന് നാളെ ഒരാണ്ട്. കൊക്കയാർ മാക്കൊച്ചിയിലുണ്ടാ ഉരുൾപൊട്ടലിലാണ് ആറു പേർ മരിച്ചത്. രണ്ടു പേർ ഒഴുക്കിൽ പെട്ടുമാണ് മരിച്ചത്. ദുരന്തം നടന്ന് ഒരു വർഷമാകുമ്പോഴും ഉറ്റവരുടെ ദുഖത്തിന് അറുതി വന്നിട്ടില്ല.
ഏഴരക്ക് തുടങ്ങിയ അതിതീവ്ര മഴ പതിനൊന്നുമണിയോടെ അവസാനിച്ചപ്പോൾ കൊക്കയാറിൽ നിരവധി സ്ഥലത്താണ് ഉരുൾ പൊട്ടിയത്. പുല്ലകയാർ കരകവിഞ്ഞൊഴുകിയതോടെ തീരത്തെ വീടുകളിലെല്ലാം മലവെള്ളം കയറി. റോഡുകൾ തകർന്നതിനാൽ ഒരിടത്തേക്കും പോകാൻ ആർക്കും കഴിഞ്ഞില്ല. പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങളെല്ലാം അടഞ്ഞു. ഇതിനിടെയാണ് മാക്കൊച്ചിയിൽ ഉരുൾ പൊട്ടിയെന്ന വാർത്തയെത്തുന്നത്. കേട്ടവർ കേട്ടവർ ഇവിടേക്ക് ഒടിയെത്തി രക്ഷാ പ്രവർത്തം തുടങ്ങി.
സംഭവം പുറംലോകമറിഞ്ഞത് വൈകുന്നേരത്തോടെ. രാത്രി ഫയർ ഫോഴ്സും മറ്റുമെത്തിയെങ്കിലും ആർക്കും മാക്കൊച്ചിയിലെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെയാണ് മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. പതിനൊന്നു മണിയോടെ ആദ്യത്തെ മൃതദേഹം കണ്ടെത്തി. ആരുടെയും കരളലിയിപ്പിക്കുന്ന തരത്തിൽ കെട്ടിപ്പുണർന്നാണ് മൂന്നു കുട്ടികൾ മണ്ണിനടിയിൽ കിടന്നിരുന്നത്.
കല്ലുപുരക്കൽ സിയാദിൻറെ ഭാര്യ ഫൗസിയ മക്കളായ അമീൻ സിയാദ്, അംന സിയാദ്, ഭാര്യാ സഹോദരൻ ഫൈസലിൻറെ മക്കളായ അഫ്സര, ആഫിയാൻ എന്നിവരെയാണ് ആദ്യ ദിവസം കിട്ടിയത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർത്തൃവീട്ടിൽനിന്നു കൊക്കയാറിലെ വീട്ടിലെത്തിയതായിരുന്നു ഫൗസിയയും മക്കളും. ഇവരുടെ വീടിനു മുകളിലുളള വീട്ടിൽ താമസിച്ചിരുന്ന ഷാഹുലിൻറെ മകൻ സച്ചുവിനെ രണ്ടാമത്തെ ദിവസമാണ് കണ്ടെത്തിയത്.
മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലൂടെ ഒഴുകിപ്പോയ ചിറയിൽ ഷാജിയും ചേലപ്കാക്കൽ ആൻസിയെയും കിലോമീറ്ററുകൾ അകലെ നിന്നാണ് കണ്ടെത്തിയത്. ദുരന്തഭൂമിയിൽ കഴിയാൻ പറ്റാത്തതിനാൽ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ഉറ്റവർ ഇവിടം വിട്ടു പോയി. സമീപത്തുള്ള പലരും വാടക വീട്ടിലും ബന്ധു വീടുകളിലുമാണിപ്പോൾ കഴിയുന്നത്.