ദോഹ: ഖത്തറില്‍ കാറുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അല്‍ അബ്‍ദുല്ല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതുപ്രകാരം ഡിസംബര്‍ 21 വരെയായിരിക്കും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയെന്നും ഖത്തര്‍ റേഡിയോയില്‍ സംപ്രേക്ഷണം ചെയ്‍ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഡിസംബര്‍ 18ന് തന്നെയായിരുന്നു ഖത്തറിന്റെ ദേശീയ ദിനവും. അന്ന് രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനാഘോഷത്തിനായി വാഹനങ്ങള്‍ സജ്ജമാക്കാനും സ്റ്റിക്കറുകള്‍ പതിക്കാനും, ദേശീയ ദിനത്തിന് മുമ്പ് മൂന്ന് ദിവസത്തെ സമയം അധികൃതര്‍ അനുവദിച്ചിരുന്നു. ഇതുപോലെ തന്നെ ദേശീയ ദിനത്തിന് ശേഷം ഇവ നീക്കം ചെയ്‍ത് വാഹനങ്ങള്‍ പഴയതു പോലെ ആക്കുന്നതിനും മൂന്ന് ദിവസമാണ് അനുവദിക്കുകയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പറഞ്ഞു.
അതേസമയം ദോഹയിലെ കോര്‍ണിഷ് സ്‍ട്രീറ്റ് കഴിഞ്ഞ ദിവസം മുതല്‍ ഭാഗികമായി തുറന്നു കൊടുത്തിട്ടുണ്ടെന്ന് രാജ്യത്തെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ഷെറാട്ടണ്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് റാസ് അബു അബൗദ് ഇന്റര്‍സെക്ഷന്‍ വരെയുള്ള ഒരു ദിശയിലേക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോര്‍ണിഷ് സ്‍ട്രീറ്റില്‍ റാസ് അബു അബൗദ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള ദിശയില്‍ ഡിസംബര്‍ 25 മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.