തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അപകടം നടന്ന് ഇന്നേയ്ക്ക് മൂന്നായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് തെരച്ചിൽ തുടരുകയാണ്. കാണാതായ മൂന്ന് ചെറുപ്പക്കാരെയും കണ്ടെത്താൻ ഇനിയും കഴിഞ്ഞില്ല. ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് വഴിയോരുക്കിയത്.
കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് കടൽ പ്രക്ഷുബ്ദമല്ല എന്നത് പ്രതീക്ഷയോകുന്നു. കെയിനുകൾക്ക് പകരം കപ്പൽ എത്തിച്ച് കല്ലുകൾ മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. രണ്ട് പേർ പേര് മരിച്ചു. ബോട്ട് ഉടമ കാഹാറിന്റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ അബ്ദുൾ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്.