ഇംഫാൽ∙ മണിപ്പുരിലെ കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗക്കാരായ മൂന്നുപേർ കൊല്ലപ്പെട്ടു. പിന്നിൽ മെയ്തെയ്കളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. കാങ്പോക്പിയിൽ ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ് രൂക്ഷമായത്. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തിരുന്നു. പലേലിൽ മണിപ്പുർ കമാൻഡോകൾ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. തങ്ങളുടെ ഗ്രാമങ്ങൾക്കു നേരെ വെടിവയ്പ് നടത്തിയ മെയ്തെയ് സായുധ ഗ്രൂപ്പുകൾക്കൊപ്പം മണിപ്പുർ കമാൻഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. അസം റൈഫിൾസും ബിഎസ്എഫും ആണ് മെയ്തെയ് സായുധ ഗ്രൂപ്പുകളെ തുരത്തിയത്.