അഹമ്മദാബാദ് : ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ മരിച്ചതായി ആനന്ദ് ജില്ലാ എസ് പി ഗൗരവ് ജസാനി പറഞ്ഞു. ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആനന്ദ് ജില്ലയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് തൊഴിലാളികളെ പുറത്തെടുത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ- അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. പാലം തകര്‍ന്നതില്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.