കണ്ണൂർ : കുട്ടികൾക്കുള്ള മൂന്ന് പ്രധാന രോഗപ്രതിരോധ വാക്സിനുകൾ കിട്ടാനില്ല. റോട്ടാ വൈറസ് വാക്സിൻ, നിർജീവ പോളിയോ വൈറസ് പ്രതിരോധകുത്തിവെപ്പ് (ഐ.പി.വി.), ന്യൂമോണിയക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പി.സി.വി.) എന്നിവെയ്ക്കാണ് ക്ഷാമം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് കടുത്ത ക്ഷാമമുള്ളത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യൺ വാക്സിൻ സ്റ്റോറുകളിൽനിന്നാണ് അതത് ജില്ലകളിൽ മരുന്നെത്തേണ്ടത്. ദേശീയ പ്രതിരോധ ചികിത്സാപട്ടികയിലെ മറ്റു വാക്സിനുകളെപ്പോലെ സൗജന്യമായാണ് ഇവ നൽകുന്നത്. കുട്ടികൾക്ക് റോട്ടാ വൈറസ് മൂലമുണ്ടാകുന്ന വയറിളക്ക രോഗത്തിനുള്ള പ്രതിരോധ മരുന്നാണ് റോട്ടാ വൈറസ് വാക്സിൻ. വായിൽ കൂടി നൽകുന്ന തുള്ളിമരുന്നാണിത്. വയറിളക്കരോഗ മരണം കേരളത്തിൽ കുറവാണെങ്കിലും ഇതുമൂലമുണ്ടാകുന്ന അനുബന്ധ രോഗങ്ങൾ കുട്ടികളിൽ ആരോഗ്യപ്രശ്നമുണ്ടാക്കുന്നുണ്ട്. ജില്ലയിൽ നാലുമാസത്തിലധികമായി റോട്ടാ വൈറസ് വാക്സിൻ എത്താതായിട്ട്. അഞ്ചുമാസത്തിനിടയിൽ രണ്ടുതവണയായി 4,000 ഡോസ് എത്തിച്ചിരുന്നു.
പോളിയോക്കെതിരെ ഇരട്ട പ്രതിരോധം ഉറപ്പാക്കുന്ന നിർജീവ പോളിയോ വൈറസ് പ്രതിരോധ കുത്തിവെപ്പിനുള്ള (ഐ.പി.വി.) വാക്സിനും കിട്ടാനില്ല. കുഞ്ഞ് ജനിച്ച് ആറാമത്തെയും 14-ാമത്തെയും ആഴ്ചകളിൽ നൽകുന്ന കുത്തിവെപ്പാണിത്. കുഞ്ഞുങ്ങളിലെ ന്യൂമോണിയക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പി.സി.വി.) വിതരണവും പ്രതിസന്ധിയിലാണ്. രണ്ടുവർഷമായി സ്വകാര്യ ആസ്പത്രികളിൽ വിതരണംചെയ്യുന്ന ന്യൂമോകോക്കൽ വാക്സിൻ അടുത്തിടെയാണ് ഗവ. സെക്ടറിൽ വിതരണം ചെയ്യാൻ തുടങ്ങിയത്. സ്വകാര്യ ആസ്പത്രികളിൽ കിട്ടുന്നുണ്ട്. ഒരുഡോസിന് മൂവായിരത്തോളം രൂപ വരും. ഇതിന്റെ മൂന്ന് ഡോസിനും വലിയ തുക വേണമെന്നതിനാൽ സാധാരണക്കാർക്ക് പ്രയാസമാണ്.