കോഴിക്കോട് : കോഴിക്കോട് നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ ചികിത്സയിലുണ്ടെന്നെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും. ഇന്ന് മൂന്ന് പേർ കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.