താമരശ്ശേരി: അമ്പലമുക്കിൽ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിൽ. മുഖ്യ പ്രതി കുടുക്കിലുമ്മാരം മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി.കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ ( 44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിൽ ആയവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാവിലെ പ്രതിയായ കയ്യേലികുന്നുമ്മൽ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35) അറസ്റ്റിലായിരുന്നു.
കുടുക്കിലുമ്മാരത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ പരിശോധനക്ക് എത്തിയ പൊലീസിനു നേരെ കത്തി വീശി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിയ അയ്യൂബിന്‍റെ കാലിന് പരുക്കേറ്റു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു മൂന്ന് പ്രതികൾ വലയിലായത്. അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയ്യൂബ് 10 സെൻറ് സ്ഥലം വാങ്ങിയാണ് അവിടെ ലഹരി ഉപയോഗത്തിനും ലഹരി കച്ചവടത്തിനും വേണ്ടി ഉപയോഗിച്ചത്. ലഹരി സംഘം അയ്യൂബിൻ്റെ സ്ഥലത്ത് ടെൻ്റ് കെട്ടിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് എതിർത്തതിനാണ് ലഹരി മാഫിയാ സംഘം തിങ്കളാഴ്ച വൈകുന്നേരം മൻസൂറിൻ്റ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ , കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ് ,കെ.കെ.ദിപീഷ്, റജീന എന്നിവർ പിടിയിലായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു പ്രവാസിയായ മൻസൂറിൻ്റെ വീടിനു നേരെ ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമണമുണ്ടായത്. മൻസൂറിൻ്റെ വീടിൻ്റെ ജനൽചില്ലുകളും കാറും അടിച്ചു തകർക്കുകയും പൊലീസിനു നേരെയും സംഘം കല്ലേറു നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു.ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.